12:40pm 17 May 2026
NEWS
‘മലബാർ കലാപവും മാറാടും മറക്കില്ല’; മുസ്ലീം ലീ​ഗിനെതിരെ വീണ്ടും വിമർശനവുമായി വെള്ളാപ്പള്ളി
17/05/2026  08:46 AM IST
nila
 ‘മലബാർ കലാപവും മാറാടും മറക്കില്ല’; മുസ്ലീം ലീ​ഗിനെതിരെ വീണ്ടും വിമർശനവുമായി വെള്ളാപ്പള്ളി

ആലപ്പുഴ: മുസ്ലീം ലീഗിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദം’ എഡിറ്റോറിയലിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. ‘മലബാർ കലാപവും മാറാടും മറക്കില്ല’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് ഇക്കുറി ലീ​ഗിനെതിരെ വിമർശനം. അധികാരം ഉറപ്പായതോടെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കടുത്ത ഹിന്ദു വിരുദ്ധ നിലപാടുകളിലേക്ക് നീങ്ങുകയാണെന്ന് വെള്ളാപ്പള്ളി ആരോപിക്കുന്നു.

ലീഗിന്റെ നിലപാടുകളെ വിമർശിക്കുന്നവരെ മുസ്ലിം വിരുദ്ധരായി ചിത്രീകരിക്കുകയാണെന്നും, ലീഗിന്റെ വർഗീയ രാഷ്ട്രീയത്തെ ചോദ്യം ചെയ്തതിനാൽ തനിക്കെതിരെ അധിക്ഷേപങ്ങൾ ഉയർന്നുവെന്നും വെള്ളാപ്പള്ളി ലേഖനത്തിൽ പറയുന്നു. യുഡിഎഫ് അധികാരത്തിലെത്തുന്നതിന് മുൻപേ മുസ്ലിം ലീഗ് കേരളം ഭരിക്കാൻ തുടങ്ങിയെന്നാണ് ആരോപണം. ഭരണത്തിന്റെ മറവിൽ മതതീവ്രവാദ ശക്തികൾക്ക് സംരക്ഷണം നൽകാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ജി. സുകുമാരൻ നായരും താനുമാണ് മുസ്ലിം ലീഗിന്റെ പ്രധാന എതിരാളികളെന്ന് പറഞ്ഞ വെള്ളാപ്പള്ളി, കെ എം ഷാജി വർഗീയ പ്രസംഗങ്ങൾ നടത്തുന്ന നേതാവാണെന്നും വിമർശിച്ചു. ഷാജിയെ മന്ത്രിയാക്കുന്നതിലൂടെ മതസൗഹാർദം ശക്തിപ്പെടുമെന്ന ലീഗിന്റെ വാദത്തെയും അദ്ദേഹം പരിഹസിച്ചു. മുസ്ലിം ലീഗിന്റെ മതേതരത്വം കപടമാണെന്നും, അഖിലേന്ത്യാ ലീഗിന്റെ അവശിഷ്ടം മാത്രമാണ് ഇന്നത്തെ ലീഗെന്നും എഡിറ്റോറിയലിൽ പറയുന്നു.

മലബാർ കലാപവും മാറാട് കലാപവും പരാമർശിച്ച വെള്ളാപ്പള്ളി, അവയുടെ ചരിത്രം ജനങ്ങൾ മറക്കില്ലെന്നും വ്യക്തമാക്കി. സമുദായത്തെ തകർക്കാൻ ആരെത്തിയാലും ശക്തമായി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img